ത്രിപുരയില്‍ ബിജെപിയ്ക്ക് ചരിത്ര മുന്നേറ്റം ബിജെപി ഭരണത്തിലേക്ക്? - EGS News

Breaking

Home Top Ad

Post Top Ad

Friday, March 2, 2018

ത്രിപുരയില്‍ ബിജെപിയ്ക്ക് ചരിത്ര മുന്നേറ്റം ബിജെപി ഭരണത്തിലേക്ക്?


അഗര്‍ത്തല: ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണല്‍ നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ചെങ്കോട്ടയായ ത്രിപുരയില്‍ ഉണ്ടാക്കിയിരിക്കുന്ന അഭൂതപൂര്‍വമായ മുന്നേറ്റമാണ്.
ശൂന്യതയില്‍ നിന്നുമാണ് ബിജെപി ത്രിപുരയില്‍ ഈ അത്ഭുതാവഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ 35 സീറ്റുകളിലെ ലീഡോടെ ബിജെപി മുന്നേറുകയാണ്. ഭരണകക്ഷിയായ ഇടതിന്റെ ലീഡ് 24 സീറ്റുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഭരണത്തിലുള്ള ഇടതുപക്ഷത്തിന് കിട്ടാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
2013 ല്‍ 42 സീറ്റുകളോടെ അധികാരത്തിലെത്തിയ ഇടതുപക്ഷം ഇത്തവണ കേവലഭൂരിപക്ഷം കടക്കാന്‍ പെടാപ്പാട് പെടുകയാണ്. മണിക് സര്‍ക്കാരിന്റെ ക്ലീന്‍ ഇമേജില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇടതിന് പക്ഷെ ബിജെപിയുടെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ത്രിപുരയുടെ അടിസ്ഥാന രാഷ്ട്രീയത്തില്‍ വന്‍മാറ്റം വന്നിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണ ത്രിപുരയില്‍ നടന്നത്. മണിക് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ത്രിപുരയില്‍ ഇത്തവണ ബിജെപി കച്ചമുറുക്കി ഇറങ്ങിയത്. അത് ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് വോട്ടെണ്ണല്‍ തെളിയിക്കുന്നതും.

No comments:

Post a Comment

Post Bottom Ad